Monday 21 September 2015

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട കുടുംബം"
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നാല്‍പത് കൊല്ലമാണ് ലൈക്കോവ് കുടുംബം ആരുമായും ബന്ധപ്പെടാതെ കഴിഞ്ഞുകൂടിയത്. ഒരു കുടുംബം ഇത്രയും കാലം പൂര്‍ണ്ണമായും ഒറ്റപ്പെട്ട് കഴിഞ്ഞത് ചരിത്രം. 1936ലാണ് ലൈക്കോവ് കുടുംബത്തിന്‍റെ ഏകാന്തവാസം തുടങ്ങുന്നത്. കാര്‍പ്പ് ലൈക്കോവിന്‍റെ സഹോദരന്‍ കമ്യൂണിസ്റ്റുകാരാല്‍ കൊല്ലപ്പെട്ടപ്പോഴാണ് ആരുമറിയാതെ, ദൂരെ ഒരിടത്തേക്ക് ഓടിപോകാന്‍ ലൈക്കോവും കുടുംബവും തീരുമാനിച്ചത്. അങ്ങനെ കാര്‍പ്പ് ലൈക്കോവും ഭാര്യ അകുലിനയും രണ്ട് മക്കളുംകൂടി പലായനം ചെയ്തു. ആരുമില്ലാത്ത ഒരിടത്തേക്ക് പോകാന്‍ മാത്രമാണ് ലൈക്കോവും ഭാര്യയും രണ്ട് മക്കളും ആഗ്രഹിച്ചത്. എത്തിപ്പെട്ടത് സൈബീരിയന്‍ മലനിരയുടെ 500 അടി മുകളില്‍. .. അവര്‍ താമസിക്കാന്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് 260 കിലോമീറ്റര്‍ ദൂരയാണ് മനുഷ്യവാസമുള്ളത്. തെക്ക് പടിഞ്ഞാറന്‍ സൈബീരിയയിലെ അബാക്കന്‍ മലനിരകളിലാണ് ലൈക്കോവ് കുടുംബം വാസസ്ഥലം കണ്ടെത്തിയത്. 1978ലാണ് ഇവരെ കണ്ടെത്തിയത്. 1978ല്‍ ഭൂമിശാസ്ത്ര ഗവേഷകരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഹെലികോപ്ടര്‍ പൈലറ്റാണ് ഇവരെ കണ്ടെത്തിയത്. ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞര്‍ ഇവരെ സമീപിച്ചെങ്കിലും മലനിരയിലെ വാസസ്ഥലത്ത് താമസിക്കാന്‍ തന്നെയാണ് ലൈക്കോവ് കുടുംബം തീരുമാനിച്ചത്
പലായനം ചെയ്യുന്ന സമയത്ത് ലൈക്കോവ് കുടുംബത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഏകാന്തവാസത്തിന്‍റെ കാലത്താണ് ലൈക്കോവ് ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ടായത്. ഈ രണ്ടുപേര്‍ ഒരിക്കലും പുറംലോകം കണ്ടിട്ടില്ല. ഗവേഷണങ്ങള്‍ക്കായിട്ടാണ് ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞര്‍ അബാക്കന്‍ മേഖലയില്‍ എത്തിയത്. അവര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന് ലാന്‍റ് ചെയ്യാന്‍ പാകത്തിനുള്ള സ്ഥലം നോക്കുന്നതിനിടയിലാണ് മനുഷ്യവാസം ഉള്ളതിന്‍റെ സൂചനകള്‍ കണ്ടെത്തിയത്. ഹെലികോപ്ടര്‍ ലാന്‍റ് ചെയ്യിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിഭ്രാന്തരായി ഓടി മാറാന്‍ ശ്രമിക്കുന്നത് മനുഷ്യരാണെന്ന് കണ്ടെത്തിയത് അതിശയത്തോടെയാണെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. തങ്ങള്‍ ഇറങ്ങിയിടത്ത് മനുഷ്യവാസം ഉണ്ടെന്ന് ബോധ്യമായതോടെ തിരച്ചില്‍ നടത്താന്‍തന്നെ തീരുമാനിച്ചു. റഷ്യന്‍ സര്‍ക്കാരിന്‍റെ രേഖകള്‍ പ്രകാരം ഇവിടങ്ങളില്‍ മനുഷ്യവാസമില്ല. അവിടെയാണ് അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തെ കണ്ടെത്തിയത്. ലൈക്കോവ് കുടുംബത്തെ ഭൂവിജ്ഞാനീയ ശാസ്ത്രജ്‍ഞര്‍ കണ്ടെത്തുന്നതിന് മുമ്പുതന്നെ കാര്‍പ്പ് ലൈക്കോവിന്‍റെ ഭാര്യ അകുലിന മരിച്ചിരുന്നു. തിരച്ചിലിനൊടുവില്‍ മരക്കൊമ്പുകള്‍കൊണ്ടും മറ്റും ഉണ്ടാക്കിയ വീട് കണ്ടെത്തി. ചാക്കുകൊണ്ട് ഉണ്ടാക്കിയ വസ്ത്രങ്ങള്‍ അണിഞ്ഞ മനുഷ്യരെയാണ് അവിടെ കണ്ടെത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഗലിന പിസ്മേനക്യ പറഞ്ഞു. 1936നുശേഷം പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന ലൈക്കോവ് കുടുംബം രണ്ടാംലോക മഹായുദ്ധം നടന്നതുപോലും അറിഞ്ഞിട്ടില്ല.!!!
തങ്ങളെ തിരഞ്ഞെത്തിയവരില്‍ നിന്നുള്ള എല്ലാ സമ്മാനങ്ങളും നിഷേധിക്കുന്ന ലൈക്കോവ് കുടുംബത്തിനെയാണ് ശാസ്ത്രസംഘം കണ്ടത്. ജാം, ചായ, ബ്രെഡ് എന്നിവ ഉള്‍പ്പെടെ എല്ലാം ലൈക്കോവ് കുടുംബാംഗങ്ങള്‍ നിഷേധിച്ചു. എല്ലാവരില്‍നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞ ഇവരുടെ ഭാഷപോലും മാറിപ്പോയിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ പഴയ വിശ്വാസ സമൂഹത്തിന്‍റെ അംഗമായിരുന്നു കാര്‍പ്പ് ലൈക്കോവ്. എന്നാല്‍ പീറ്റര്‍ രാജാവിന്‍റെ കാലത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. പഴയ വിശ്വാസ സമൂഹത്തിലെ അംഗങ്ങളെ വിചാരണക്ക് വിധേയമാക്കാനും രാജാവ് ഉത്തരവിട്ടു. ബോള്‍ഷെവിക്കുകള്‍ അധികാരത്തിലെത്തിയതോടെയാണ് പഴയ വിശ്വാസ സമൂഹാഗംങ്ങളുടെ കഷ്ടകാലം തുടങ്ങിയത്. കമ്യൂണിസ്റ്റുകാരുടെ പീഡനങ്ങള്‍ക്കിടയിലാണ് കാര്‍പ്പിന്‍റെ സഹോദരന്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അതോടെ നാട് വിട്ട് ഓടിപ്പോകാന്‍ ലൈക്കോവ് കുടുംബം തീരുമാനിച്ചു. അക്രമങ്ങളില്‍ ഒളിച്ചോടിയാണ് ലൈക്കോവും കുടുംബവും ആരുമെത്തി നോക്കാത്ത അബാക്കന്‍ മലനിരകളില്‍ എത്തിയത്. കാര്‍പ്പ് ലൈക്കോവിന്‍റെ മക്കള്‍ക്ക് ഒരുപാട് മനുഷ്യവാസമുള്ള നഗരങ്ങളുണ്ടെന്ന് അറിയാം. എന്നാല്‍ ഇതുവരെ ആരുമത് കണ്ടിട്ടില്ല. റഷ്യ അല്ലാതെ വേറെ രാജ്യങ്ങളുണ്ടെന്നും മക്കള്‍ക്കറിയാം. വലിയ കെട്ടിടങ്ങളില്‍ മനുഷ്യര്‍ താമസിക്കുന്ന നഗരങ്ങള്‍ ഉണ്ടെങ്കിലും ഇതുവരെ പോകാന്‍ തോന്നിയിട്ടില്ലെന്നാണ് കാര്‍പ്പ് ലൈക്കോവിന്‍റെ മക്കള്‍ പറഞ്ഞത്. ബൈബിള്‍ മാത്രമാണ് ഇവര്‍ വായിച്ചിട്ടുള്ള പുസ്തകം. അതേസമയം അകുലിന മക്കളെ നാലുപേരെയും എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. കാര്‍പ്പ് 1988ല്‍ മരിച്ചു. മക്കളായ സാവിനും നതാലിയയും ദിമിത്രയും 81ലും മരിച്ചു. അതോടെ മകള്‍ അഗാഫിയ മാത്രമായി. എന്നിട്ടും ഏകാന്തവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാന്‍ അഗാഫിയ തയ്യാറായില്ല. റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ വാസിലി പെസ്കോവാണ് ഇവരുടെ കഥ പുറംലോകത്തേക്ക് എത്തിച്ചത്. ഇവരുടെ പുറംലോകത്ത് എത്തിയതോടെ ഡോക്യുമെന്‍ററി എടുക്കാനും ഫീച്ചറുകള്‍ എഴുതാനും മാധ്യമ പ്രവര്‍ത്തകരും സംഘവും സൈബീരിയന്‍ കാട്ടിലെത്തി. അങ്ങനെയാണ് ഇന്നീ കാണുന്ന മട്ടിലുള്ള വസ്ത്രങ്ങളും മറ്റും ലൈക്കോവ് കുടുംബത്തിന് ലഭിക്കുന്നത്.
http://www.dailymail.co.uk/news/article-2270263/Lykov-family-Incredible-tale-Russian-family-cut-human-contact-40-years.html
https://en.m.wikipedia.org/wiki/Lykov_family
http://daivathintevikrithikal.blogspot.com/2014/05/blog-post_6351.html?m=1
‪#‎abufadhil‬

മാമാങ്കം: കേരളത്തിലെ ചാവേറുകളുടെ ചരിത്രം

മാമാങ്കം: കേരളത്തിലെ ചാവേറുകളുടെ ചരിത്രം
➖➖➖➖➖➖➖➖➖
ന്യൂ ജനറേഷൻ തലമുറ ‘മാമാങ്കം’ എന്ന് കേട്ട് കാണാൻ വഴിയില്ല. അതിനു തൊട്ടുമുൻപുള്ള തലമുറകൾക്ക് മാമാങ്കം കേവലം ഒരു യുദ്ധം മാത്രമാണ്. യഥാർത്ഥത്തിൽ മാമാങ്കത്തിന്റെ അർത്ഥവും വ്യാപ്തിയും അതിനുമപ്പുറത്താണ്. വളരെ പുരാതന കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന ഒരു മഹോത്സവമാണ് മാമാങ്കം. 12 വര്‍ഷത്തിലൊരിക്കലാണ് മാമാങ്കം കൊണ്ടാടിയിരുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ചേര രാജാക്കന്മാരുടെ കാലത്താണ് ഈ ഉത്സവം തുടങ്ങിയത്. ചേര രാജാക്കന്മാരുടെ ഭരണം അവസാനിച്ചപ്പോള്‍ ഈ ഉത്സവം നടത്തുന്നതിനുള്ള അവകാശം പെരുമ്പടപ്പ്‌ സ്വരൂപത്തിന്‌ (കൊച്ചി രാജവംശം) കിട്ടി. പിന്നീട് കുറച്ചു കാലം വള്ളുവനാട്ടു രാജാക്കന്മാരും ഇത് നടത്തിപ്പോന്നു. വീണ്ടും കൈമാറപ്പെട്ട നടത്തിപ്പാവകാശം സാമൂതിരിമാര്‍ക്ക് ലഭിച്ചു. അവരുടെ കാലത്ത് 1755 -ലാണ് അവസാനത്തെ മാമാങ്കം നടന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
മാമാങ്കം ഭാരതപ്പുഴയുടെ തീരത്താണ് നടത്തിയിരുന്നത്. മാഘമാസത്തിലാണ് (മകരം) മാമാങ്കത്തിന്റെ സമയം. കേരളത്തിന്റെ കാലാവസ്ഥയുടെ പ്രത്യേകത അനുസരിച്ച് 30 ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷത്തിനു പറ്റിയ സമയം മകരമാസം തന്നെയാണ്. മകരമാസത്തിലെ മകം നാളിലാണ് ഈ ഉത്സവത്തിനു തിരശ്ശീല വീഴുന്നത്. അന്നത്തെ ദിവസം ഭാരതപ്പുഴയില്‍ ഗംഗാ നദിയുടെ പുണ്യ സാന്നിദ്ധ്യം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അന്നേ ദിവസം മാമാങ്കത്തില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ എല്ലാം തന്നെ ഗംഗാ സാന്നിദ്ധ്യമുള്ള ഭാരതപ്പുഴയില്‍ പിതൃ തര്‍പ്പണം നടത്തിയാണ് പിരിഞ്ഞു പോകുന്നത്.
മാമാങ്കത്തിന്‍റെ നടത്തിപ്പവകാശം ഉള്ളവര്‍ക്കാണ് ഈ ഉത്സവത്തിനു അദ്ധ്യക്ഷം വഹിക്കാന്‍ പറ്റുന്നത്. അതിനു നിലപാട് നില്‍ക്കുക എന്നാണ് പറഞ്ഞിരുന്നത്. ചേര രാജാക്കന്മാര്‍ നിലപാട് നിന്ന കാലഘട്ടത്തില്‍ മാമാങ്കമെന്നത് ഒരു വാണിജ്യ ഉത്സവം മാത്രമായിരുന്നു. കേരളത്തിന്‌ അകത്തും പുറത്തുമുള്ള ഒട്ടു മിക്ക കച്ചവടക്കാരും അവിടെ ഒരു നല്ല വിപണി കണ്ടെത്തിയിരുന്നു. ഈ വാണിജ്യ കേന്ദ്രത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ സംഗീത സദസ്സുകളും, നൃത്തങ്ങളും, നാടകങ്ങളും, മറ്റു കലാ രൂപങ്ങളുടെ പ്രദര്‍ശനങ്ങളും നടത്തിപ്പോന്നു. ഇതില്‍ കായികാഭ്യാസ പ്രകടനങ്ങള്‍ എടുത്തു പറയേണ്ട ഒന്നാണ്. കളരിയും വാള്‍പ്പയറ്റും ദ്വന്ദയുദ്ധങ്ങളും സൌഹൃദപരമായി നടന്നു പോന്
മറ്റൊരു പ്രധാനപ്പെട്ട ചടങ്ങ് “പെരുംകൂട്ടം” ആയിരുന്നു. അന്നത്തെക്കാലത്ത് കേരളത്തിലാകമാനം നിലവിലിരുന്ന ഒരു പ്രാദേശിക കോടതി ആയിരുന്നു പെരുംകൂട്ടം. തര്‍ക്കങ്ങള്‍ തീര്‍ക്കുക, അന്യായങ്ങള്‍ക്ക് ശിക്ഷ കൊടുക്കുക തുടങ്ങിയ നീതിന്യായച്ചുമതലകള്‍ പെരുംകൂട്ടം നിര്‍വ്വഹിച്ചു പോന്നു. മാമാങ്കത്തിന്റെ സമയത്ത് നടക്കുന്ന പെരുംകൂട്ടത്തിന്റെ തീരുമാനങ്ങള്‍ അടുത്ത ഒരു വ്യാഴവട്ടക്കാലത്തേക്ക് കൃത്യമായി പാലിച്ചു പോന്നിരുന്നു. നാടുവാഴികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പോലും പരിഹരിച്ചിരുന്നത് പെരുംകൂട്ടത്തിലെ പണ്ഡിതശ്രേഷ്ഠന്മാരാണ്.
ചേരരാജാക്കന്മാര്‍ക്ക് ശേഷം പെരുമ്പടപ്പ്‌ സ്വരൂപവും ഇതേ രീതിയില്‍ തന്നെ മാമാങ്കം നടത്തിപ്പോന്നു. പിന്നീട് കൊച്ചി രാജവംശം ക്ഷയിച്ചപ്പോള്‍, നിലപാട് നില്‍ക്കുന്ന സമയത്ത് കിരീടം ധരിച്ചു കൊച്ചി രാജാവ് വന്നാല്‍ നിലപാട് നില്‍ക്കാനുള്ള അവകാശം ഒഴിഞ്ഞു കൊടുക്കണമെന്ന കരാറോടെ മാമാങ്കത്തിന്റെ നടത്തിപ്പ് താല്‍ക്കാലികമായി വള്ളുവക്കോനാതിരിമാര്‍ക്ക് വിട്ടു കൊടുത്തു. വള്ളുവക്കോനാതിരികള്‍ ഈ നടത്തിപ്പവകാശം സന്തോഷത്തോടെ നിര്‍വ്വഹിച്ചു പോന്നു. അക്കാലത്താണ് വാണിജ്യത്തിനു വന്ന മുസ്ലീങ്ങളുടെ സഹായത്തോടെ സാമൂതിരി കോവിലകം വള്ളുവനാട് ആക്രമിച്ചു കീഴടക്കിയത്. സ്വാഭാവികമായും മാമാങ്കത്തിന് നിലപാട് നില്കാനുള്ള അവകാശം സാമൂതിരിമാര്‍ക്കായി. സാമൂതിരിമാര്‍ സ്വയം “രക്ഷാപുരുഷനായി” പ്രഖ്യാപിച്ചു. രാജ്യതന്ത്രത്തില്‍ സമര്‍ത്ഥരായിരുന്ന സാമൂതിരിമാര്‍ മാമാങ്കത്തെ അവരുടെ പ്രൌഢിയും അധികാരവും പ്രദര്‍ശിപ്പിക്കാനുള്ള വേദിയാക്കി മാറ്റി. മലബാറില്‍ അന്നത്തെ മിക്ക നാട്ടു രാജ്യങ്ങളും സാമൂതിരിമാരുടെ അധീനതയില്‍ ആയിരുന്നു.
മാമാങ്കത്തില്‍ നിലപാട് നില്‍ക്കുന്ന സാമൂതിരി രാജാവിനു സാമന്ത നാടുവാഴികള്‍ അടിമക്കൊടികള്‍ കാഴ്ച്ച വച്ച് പോന്നു. സാമൂതിരിമാര്‍ ഇത്രയൊക്കെ ശക്തരായിരുന്നിട്ടും അഭിമാനികളായ വള്ളുവക്കോനാതിരികള്‍ കൊടി നാട്ടി സാമൂതിരിമാരുടെ അധീനതയില്‍ ആണെന്ന് സ്ഥാപിക്കാന്‍ തയ്യാറായിരുന്നില്ല. പകരം തെരഞ്ഞെടുക്കപ്പെട്ട 4 നായര്‍ തറവാടുകളില്‍ നിന്ന് ഓരോ നായന്മാരെ ആയുധാഭ്യാസം കൊടുത്ത് 18 പേരടങ്ങുന്ന ഒരു ചാവേര്‍ സംഘത്തിന്റെ തലവന്മാരാക്കുന്നു. സാമൂതിരിമാര്‍ നിലപാട് നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ വധിച്ചു ആ സ്ഥാനം തിരിച്ചു വള്ളുവക്കോനാതിരിമാര്‍ക്ക് നേടിക്കൊടുക്കുക എന്നതാണ് ചാവേറുകളുടെ ലക്‌ഷ്യം. പക്ഷേ അസംഘ്യം നായര്‍ പടയാളികളാലും മാപ്പിളപ്പടയാളികളാലും സംരക്ഷിക്കപ്പെട്ടു നില്‍ക്കുന്ന സാമൂതിരിയെ കൊല്ലാന്‍ ചാവേറുകളായി വരുന്ന നായന്മാര്‍ക്ക് കഴിയുമായിരുന്നില്ല. ഓരോ ചാവേറുകളും വരുന്നത് തന്റെ മുന്‍ഗാമിയെ വധിച്ചതിന്റെ കുടിപ്പക തീര്‍ക്കാനാണ്. അവസാന ശ്വാസം വരെ ചാവേറുകള്‍ പോരാടി നില്‍ക്കുകയും ശത്രുക്കളാല്‍ വീരചരമം പ്രാപിക്കുകയും ചെയ്യുന്നു. ഈ സമ്പ്രദായം ആരംഭിച്ചതോടെ മാമാങ്കത്തിന്റെ ലാളിത്യത്തിനു കുറവ് വന്നു. സാമൂതിരിയുടെ പടയാളികളും ചാവേറുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മാമാങ്കത്തെ ചോരക്കളമാക്കി.
ചാവേര്‍പ്പടയാളികളുടെ ജീവിതം
-------------------------
▶ജനിക്കുമ്പോള്‍ മുതല്‍ മരണം വരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ധീരന്മാരാണ് ചാവേറുകള്‍. കഠിനമായ ആയോധന പരിശീലനങ്ങളില്‍ സദാ സമയവും ബദ്ധശ്രദ്ധരായിരിക്കുന്ന അവര്‍ക്ക് രക്തത്തിലും മാംസത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന കുടിപ്പകയും ഓരോ നിമിഷവും മാമാങ്കത്തറയില്‍ എത്താനുള്ള ആവേശവും ആണ് ഊര്‍ജ്ജം കൊടുക്കുന്നത്. ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ ഒരു ജീവിതം മുഴുവന്‍ വധിക്കപ്പെടാനായി കാത്തിരിക്കുന്നവര്‍.
▶മാമാങ്കത്തിന് പോകുന്നതിനു മുന്‍പ് വള്ളുവക്കോനാതിരികള്‍ ചാവേറുകളുമായി സന്ധിക്കുന്നതും യാത്ര അയക്കുന്നതും തിരുമാന്ധാംകുന്ന് ദേവീ ക്ഷേത്രത്തിലുള്ള ചാവേര്‍ തറയില്‍ നിന്നാണ്. ദേഹമാസകലം ചാരം വാരിപ്പൂശി മരണത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങുന്ന ഓരോ ചാവേറുകളുടെയും ചിത്രം തീര്‍ച്ചയായും വള്ളുവനാട്ടു രാജാക്കന്മാര്‍ക്കും തീരാ വേദന ആയിരുന്നിരിക്കണം.
▶ചന്തുണ്ണി നായര്‍, കണ്ടര്‍ മേനോന്‍ എന്നീ ചാവേറുകള്‍ സാമൂതിരീ വധത്തിന്റെ അടുത്ത് വരെ എത്തിയവരായിരുന്നു. എന്നാല്‍ അകമ്പടി ജനങ്ങളുടെ ഇടപെടല്‍ അവരുടെ ദൌത്യം പരാജയപ്പെടുത്തുകയാണുണ്ടായത്. ഇവരുടെ വീരഗാഥകള്‍ വള്ളുവനാട്ടിലെ പുള്ളുവപ്പാട്ടുകളില്‍ നിന്നാണ് പ്രസിദ്ധമായത്.
▶കൊല്ലപ്പെടുന്ന ചാവേറുകളുടെ മൃതശരീരം യാതൊരു വിധത്തിലുള്ള മര്യാദകളും പാലിക്കാതെ സാമൂതിരിയുടെ ആളുകള്‍ “മണിക്കിണര്‍” എന്നറിയപ്പെടുന്ന ഒരു കിണറ്റിലേക്ക് വലിച്ചെറിയുകയാണ്‌ ചെയ്യുന്നത്.
എല്ലാത്തിനും മൂക സാക്ഷിയായി ഒഴുകിപ്പോകുന്ന നിളാനദീതീരത്ത് ചാവേറുകളുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും ഗദ്ഗദങ്ങള്‍ ഇപ്പോഴും അലയടിക്കുന്നുണ്ടാവാം. ഒപ്പം അധികാരഗര്‍വ്വിന്റെ അലര്‍ച്ചകളും.
രാജ്യത്തിന്റെ കാവൽഭടന്മാരെ വെറും ചാവേറുകളായി കാണുന്ന സാഹചര്യം ഇന്നും പൂർണ്ണമായി മാറിയിട്ടില്ല.
കരൺ മിഴാവ്
‪#‎abufadhil‬